വൈക്കം: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിനെ കീഴടക്കാൻ ഇരട്ടകുട്ടികൾ. വൈക്കം എസ്ബിഐയിലെ ഉദ്യോഗസ്ഥനായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ പി.ഹരീഷിന്റെയും അനുവിന്റെയും മക്കളും വെള്ളൂർ ഭവൻസ് ബാലമന്ദിറിലെ യുകെജി വിദ്യാർഥികളുമായ നൈവേദ്യ ഹരീഷും നിഹാരിക ഹരീഷുമാണ് ലോകറിക്കാർഡ് ലക്ഷ്യമാക്കി നാളെ വേമ്പനാട്ടുകായലിന് കുറുകെ നീന്താൻ ഒരുങ്ങുന്നത്.
രാവിലെ 7.30ന് ചേർത്തല കൂമ്പേൽകടവിൽനിന്നു വൈക്കം കായലോര ബീച്ച് വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരമാണ് നീന്തുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജുതങ്കപ്പനാണ് നൈവേദ്യയെയും നിഹാരികയെയും നീന്തൽ പരിശീലിപ്പിച്ചത്.
കഴിഞ്ഞ മധ്യവേനലവധി മുതലാണ് ഈ അഞ്ചുവയസുകാരികൾ നീന്തൽ പഠിച്ചുതുടങ്ങിയത്. നീന്തൽ പരിശീലകനായ റിട്ട.ഫയർ ഓഫീസർ ടി. ഷാജികുമാറാണ് നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്